മലയാളിക്ക് നാട് പെറ്റമ്മയെങ്കിൽ യു എ ഇ പോറ്റമ്മയാണ്, എന്നാൽ പോറ്റമ്മ രണ്ടാനമ്മ ആകുകയും, വളർത്തു മകനെ ഒന്നോടെ കവർന്നു അവനെ ജയിലിലാക്കി പീഡിപ്പിച്ചു നാട് കടത്തുകയും ചെയ്ത കഥകൾ നിരവധിയാണെകിലും വെളിയിൽ വരുന്നത് തുലോം തുച്ഛമാണ്. അതിൽ ഒന്നാണ് മലയാളിയായ ജാബിറിന്റെ കഥ. ആ കഥ ഞങ്ങൾ പല ലക്കങ്ങളിലൂടെ വായനക്കാരുമായി പങ്കുവെക്കുകയാണിവിടെ.
പാലക്കാട് സ്വദേശിയായ പി കെ ജാബിർ വിക്ടോറിയ കോളേജ് ഓഫ് എഞ്ചിനീറിംഗിൽ നിന്ന് ഇലക്ട്രോ-മെക്കാനിക്കൽ പഠനത്തിന് ശേഷം. മുംബൈയിൽ അന്താരാഷ്ട്ര കമ്പനികളായ വോൾട്ടാസ്, ലുഫ്താൻസ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിക്കുകയും ശേഷം തികഞ്ഞ പ്രതീക്ഷകളോടെ യുണൈറ്റഡ് അറബ് എമിറേറ്റ് എന്ന മലയാളിയുടെ സ്വപ്ന ഭൂമിയിലേക്ക്കുടിയേറുകയും ചെയ്തു..
ആ സമയം യു ഐ ഇ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആയിരുന്നു. അബുദാബിയിലെ ഹമോറാബി ഇലക്ട്രിക്കൽ കോൺട്രാക്റ്റിംഗ് കമ്പനിയിൽ ആയിരുന്നു ആദ്യം ജോലി ലഭിച്ചത്.
വളരെ കാലം അവിടെ പ്രവർത്തിച്ച ശേഷം സ്വന്തമായി പ്രീമിയർ ജനറൽ കോൺട്രാക്റ്റിംഗ്, റാംല ഇലക്ട്രോ-മെക്കാനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്, സമ്മർ പൂൾ ട്രേഡിംഗ് എന്ന പേരുകളിൽ മുന്ന് കമ്പനികൾ ആരംഭിച്ചു. പതിനെട്ടു വർഷത്തിലേറെ നീണ്ട കഠിനാധ്വാനത്തിന്റെയും, ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചും യൂ എ ഇ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും കൂടാതെ അനേകം മലയാളികൾക്ക് ജോലി നല്കുകയും ചെയ്തത് വഴി നമ്മുടെ നാടിനും വിദേശനാണ്യം നേടികൊടുക്കുന്നതിനു ജാബിർ സഹായകരമാവുകയും ചെയ്തു..
തന്റെ പ്രധാന കമ്പനിയായ പ്രീമിയർ ജനറൽ കോൺട്രാക്റ്റിംഗ് കമ്പനിയുടെ ഓഫീസ് ആവശ്യത്തിനായി ഇരുപത്തി നാല് നിലകളുള്ള ഒരു ബിൽഡിംഗ് വാർഷിക വാടകയായ് 1.08 മില്യൺ ദിർഹം നിശ്ചയിച്ചു ഹസ്സൻ സയ്ദ് എന്ന ലോക്കൽ അറബിയുമായി കരാർ ഉണ്ടാക്കുകയും കെട്ടിടം എടുക്കുകയും ചെയ്തു. ഹസ്സൻ സയ്ദ് നിലവിലെ അബുദാബി ഭരണാധികാരികളായ സയ്ദ് കുടുംബത്തിലെ ഒരു അംഗമായിരുന്നു.
കരാർ അനുസരിച്ചു മൊത്തം കെട്ടിടത്തിന്റെ വാടക കരാർ ഉണ്ടാക്കുകയും അതിന്റെ ആറുമാസത്തെ വാടക രൊക്കം കൈപ്പറ്റുകയും ബാക്കി ആറുമാസത്തെ വാടക പോസ്റ്റ് ഡേറ്റഡ് ചെക്കായി കൊടുക്കുകയും ചെയ്ത ശേഷം കെട്ടിട ഉടമസ്ഥനായ അറബി കരാറിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായ് ഈ ഫ്ലാറ്റുകളിൽ ചിലത് മറ്റുള്ളവർക്ക് വിറ്റതായി അറിയുകയും അതിനെതിരെ അബുദാബി സിവിൽ കോടതിയെ സമീപിക്കുകയും അതുവഴി പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ഇതറിഞ്ഞപ്പോൾ, സിവിൽ സ്യൂട്ട് പിൻവലിക്കാൻ അറബി നിർബന്ധിക്കുകയും പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അയാൾ ലോക്കൽ പോലീസിനെ സ്വാധീനിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആരംഭിച്ചു.
1995 ഒക്ടോബർ 26 വ്യാഴാഴ്ച ഉച്ചയോടെ ഹസ്സൻ സയീദിനൊപ്പം അദ്ദേഹത്തിന്റെ ഒരു കൂട്ടാളിയും ഓഫീസിലെത്തി. അന്നത്തെ കാലത്തു വ്യാഴാഴ്ച ഉച്ചക്ക് ശേഷം അവധിയായിരിക്കും അതുകൊണ്ടു ജോലിക്കരാരും ഓഫീസിൽ ഉണ്ടായിരുന്നില്ല. കൂടെ വന്നയാളുടെ ഒരു കൈയിൽ ഒരു മീറ്റർ നീളമുള്ള കനത്ത ഇരുമ്പ് വടിയും മറുകൈയിൽ വിലങ്ങും ഉണ്ടായിരുന്നു. വന്ന ആവശ്യം ഭീക്ഷണി പെടുത്തി കേസ് പിൻവലിക്കലായിരുന്നു, എന്നാൽ നിയമവിരുദ്ധവും അന്യായവുമായ ആവശ്യങ്ങൾക്ക് വഴങ്ങാൻ ജാബിർ തയാറായില്ല.
വിലങ്ങുകൊണ്ടും ഇരുമ്പു വടികൊണ്ടും അതി ക്രൂരമായി മർദിക്കുകയും, മർദ്ദനമേറ്റു വിരലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യ്തു. വിലങ്ങുപയോഗിച്ചു കഴുത്തിന് വട്ടമിട്ടു വലിച്ചു പരിക്കേൽപ്പിച്ച ശേഷം, ടെലിഫോൺ കണക്ഷൻ വിച്ഛേദിക്കുകയും, കരാറിന്റെ യഥാർത്ഥ രേഖകൾ തിരഞ്ഞു ഓഫീസിൽ മുഴുവൻ അരിച്ചു പറക്കി കൂടാതെ ഡ്രോയറുകൾ തുറന്നു, ഫയലുകൾ എറിഞ്ഞു, ഓഫീസ് ലോക്കറിൽ കിടന്ന പണവും അവർ എടുത്തു. കൂടെ വന്നയാൾ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
ഇതിനിടയിൽ, അനുജൻ ഉച്ചഭക്ഷണവുമായി ഓഫീസിലെത്തി. അദ്ദേഹം എത്തുമ്പോൾ വാതിൽ അടച്ച് പോലീസിനെ വിളിക്കാൻ ജാബിർ ആവശ്യപ്പെട്ടു. ഇതിനിടയിൽ സിവിൽ വസ്ത്രധാരിയായ പോലീസുകാരൻ ഓഫീസിൽ നിന്ന് വെളിയിൽ ഇറങ്ങി. ഹസ്സൻ സയീദിന് പുറത്തു പോകാൻ കഴിഞ്ഞില്ല.
വെളിയിൽ ഇറങ്ങിയ പോലീസുകാരൻ വാതിലുകൾ അകത്തു നിന്നും ബന്ധിച്ചതിനെ തുടർന്ന് ഇരുമ്പുവടികൊണ്ട് വാതിലിൽ അടിക്കുന്നത് ശ്രദ്ധയിൽപെട്ട് ഓഫീസിനു മുന്നിൽ ജനം തടിച്ചു കൂടുകയും ഇതിനിടെ ലോക്കൽ പോലീസ് സ്ഥലത്തെത്തി. സ്വന്തം രക്ഷക്കായി അനുജൻ വിളിച്ചുവരുത്തിയ പോലീസുകാർ ജാബിറിന്റെ തലയ്ക്കു ആഞ്ഞടിക്കുകയും ഇരുവരുടെയും കൈകൾ പുറകിൽ വിലങ്ങുവെച്ചു ബലമായി കാറിൽ പിടിച്ചു കയറ്റി ചില വിദൂര പ്രദേശങ്ങളിലൂടെ കാറോടിച്ചു പോവുകയും ചെയ്തു.
പോകുന്ന വഴിക്കു അവർ അതി ക്രൂരമായി മർദിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ഉണ്ടായി. ഹസ്സൻ സയീദും കൂട്ടാളിയും അവരുടെ വാഹനത്തിൽ പിന്തുടർന്നു. പോലീസുകാർ പറയുന്നുണ്ടായിരുന്നു നിങ്ങൾ ഒരു മണിക്കൂറിനുള്ളിൽ നിർജീവരാകും, ഞങ്ങൾ നിങ്ങളെ മരുഭൂമിയിൽ ജീവനോടെ കുഴിച്ചിടാൻ പോകുന്നു – നിങ്ങൾ ഇന്ത്യൻ ബിച്ച്!.
ജാബിറിനെയും സഹോദരനെയും പോലീസ് സ്റ്റേഷനിൽ പീഡിപ്പിച്ചപ്പോൾ നാല് പേർ ഉണ്ടായിരുന്നു. ഹസ്സൻ സയീദ്, സിവിൽ വസ്ത്രധാരിയായ പോലീസുകാരൻ, പോലീസ് വകുപ്പിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥർ (അവരും സിവിൽ വസ്ത്രത്തിലായിരുന്നു). സിവിൽ സ്യൂട്ട് പിൻവലിക്കാനും കരാർ തുകയുടെ മുഴുവനും നൽകണമെന്നും അല്ലാത്തപക്ഷം, അവർ ക്രിമിനൽ കുറ്റം ചുമത്തുമെന്നും വലിയ കുഴപ്പത്തിലാകുമെന്നും ഭീഷണിപ്പെടുത്തി.
ഇന്ത്യക്കാരെ എങ്ങനെ പഠിപ്പിക്കണമെന്ന് ഞങ്ങൾക്കറിയാം” എന്ന് വിളിച്ചുപറഞ്ഞ അവർ ചില രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ അവർ രണ്ടു പേരെയും പീഡിപ്പിക്കാൻ തുടങ്ങി. കൈകൾ പുറകിൽ വിലങ്ങു വെച്ച് കമിഴ്ത്തി കിടത്തി അറബി തലപ്പാവ് പുറത്തെടുത്ത് ആഞ്ഞടിക്കുകയും കാലുകൾ കൊണ്ട് തലയിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു. പരിക്കേറ്റ വിരൽ നഖങ്ങൾ ഒരു നഖം കട്ടർ ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിച്ചു. അവരുടെ ക്രൂരമായ പെരുമാറ്റത്തിലൂടെ ജാബിറിന്റെ വിരൽ നഖം പൂർണ്ണമായും അടർന്നു വന്നു.
അതുകഴിഞ്ഞു അനുജനെ പീഡിപ്പിക്കാൻ തുടങ്ങി. കുറച്ച് സമയത്തിന് ശേഷം ജാബിർ അബോധാവസ്ഥയിലായി, പിന്നെ ജാബിറിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ബാക്കി ഭാഗം ഉടൻ …..