കടല്‍ക്കൊല കേസ്

കടല്‍ക്കൊല കേസ് തീരുന്നു; ഇറ്റലി പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കും,

കൊച്ചി : എന്റിക്ക ലെക്‌സി എണ്ണക്കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ രണ്ട്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റലി സര്‍ക്കാര്‍ പത്തു കോടി രൂപ നഷ്‌ടപരിഹാരം നല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ നാലു കോടി രൂപ വീതവും തകര്‍ന്ന സെന്റ്‌ ആന്റണി ബോട്ടിന്റെ ഉടമയ്‌ക്ക്‌ രണ്ടു കോടി രൂപയുമാണു നല്‍കുന്നതെന്നു ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി കേന്ദ്ര വിദേശമന്ത്രാലയത്തെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നേരത്തേ ഒരു കോടി രൂപ വീതം നല്‍കിയതിനു പുറമേയാണിത്‌.

ഇറ്റലിയുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലമായി സുപ്രീംകോടതിയെ അറിയിക്കും. നഷ്‌ടപരിഹാരത്തുക സ്വീകരിച്ചു കേസ്‌ അവസാനിപ്പിക്കുകയാണെന്നറിയിച്ച്‌ മരിച്ചവരുടെ ബന്ധുക്കളില്‍നിന്നു വാങ്ങുന്ന കത്ത്‌ ഇതിനൊപ്പം സമര്‍പ്പിക്കും.

മരിച്ച വാലന്റൈന്‍ ജലസ്‌റ്റിന്‍ കൊല്ലം സ്വദേശിയായതിനാല്‍ വിവരം കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാന സര്‍ക്കാരിനെ അറിയിച്ചു. കൊല്ലപ്പെട്ട അജീഷ്‌ പിങ്കു കന്യാകുമാരി സ്വദേശിയാണ്‌. കൊല്ലം, കന്യാകുമാരി കലക്‌ടര്‍മാരെയാണു ബന്ധുക്കളുടെ കത്തു വാങ്ങാന്‍ ചുമതലപ്പെടുത്തിയത്‌. ട്രിബ്യൂണല്‍ ഉത്തരവ്‌ അംഗീകരിച്ചതായും നാവികരോടു ക്ഷമിച്ചതായും മരിച്ചവരുടെ ഉറ്റവര്‍ സുപ്രീംകോടതിയെ അറിയിക്കും.

മത്സ്യബന്ധന ബോട്ടിനു നേരേ വെടിവച്ച സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നിവരെ ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്‌ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കഴിഞ്ഞ വര്‍ഷം മേയ്‌ 21-നാണു രാജ്യാന്തര ട്രിബ്യൂണല്‍ വിധിച്ചത്‌. തുടര്‍ന്ന്‌ കേസ്‌ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. നഷ്‌ടപരിഹാരം നല്‍കാതെ കേസ്‌ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നു സുപ്രീം കോടതി ശക്‌തമായ നിലപാടെടുത്തതോടെയാണു ബന്ധുക്കളുടെ സമ്മതപ്രകാരം നഷ്‌ടപരിഹാരത്തുക നിശ്‌ചയിച്ചതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതും. രണ്ടു നാവികരെയും അവിടെ കുറ്റവിചാരണ ചെയ്യുമെന്നും കുടുംബങ്ങള്‍ക്കു പരമാവധി നഷ്‌ടപരിഹാരം നല്‍കുമെന്നും ഇറ്റലി നേരത്തേ അറിയിച്ചിരുന്നു.

കടല്‍ക്കൊല കേസ്‌

2012 ഫെബ്രുവരി 15-ന്‌ എന്റിക്ക ലെക്‌സി കപ്പല്‍ ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിലൂടെ നീങ്ങുമ്പോള്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന രണ്ടു നാവികര്‍ നടത്തിയ വെടിവയ്‌പ്പിലാണ്‌ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്‌. ഇറ്റാലിയന്‍ നാവികരെ 2012 ഫെബ്രുവരി 19-ന്‌ അറസ്‌റ്റ്‌ ചെയ്‌തു. വിചാരണയ്‌ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള രാജ്യാന്തര ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം നടപടി നിര്‍ത്തിവച്ചു. ഐക്യരാഷ്‌ട്ര സമുദ്രനിയമ ഉടമ്പടിയില്‍ ഒപ്പുവച്ച ഇന്ത്യക്ക്‌ ആര്‍ബിട്രേഷന്‍ തീരുമാനം അംഗീകരിക്കാന്‍ ബാധ്യതയുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *